തിരുവനന്തപുരം: വിരമിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തീരുമാനം. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ച കേസിലാണ് നടപടി. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് 2019 ൽ ജേക്കബ് തോമസ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം എഴുതിയതിൽ സർവ്വീസ് ചട്ട ലംഘനം, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം, എന്നിവ നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ചീഫ് സെക്രട്ടറി ടോം ജോസാണ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്. പ്രോസിക്യൂഷൻ ശുപാർശ അംഗീകരിച്ചതോടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സംസ്ഥാന പൊലീസ് സേനയിൽ സർവ്വീസിലുളള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനൊരുങ്ങുന്നത് ഇത് ആദ്യമായാണ്. നിലവിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡി ആയ ജേക്കബ് തോമസ് ഈ മാസം 31 ന് വിരമിക്കും. നിലവിൽ രണ്ട് വിജിലൻസ് കേസുകളും ജേക്കബ് തോമസിനെതിരെ നിലനിൽക്കുന്നുണ്ട്.