Site icon Ente Koratty

തിരുവനന്തപുരത്ത് തടവുകാരന് കോവിഡ്: പൊലീസ് ഉദ്യോഗസ്ഥരെയും തടവുകാരെയും നിരീക്ഷണത്തിലാക്കി

കോവിഡ് സ്ഥിരീകരിച്ച തടവുകാരനുമായി ഇടപഴകിയ പൊലീസ് ഉദ്യോഗസ്ഥരെയും തടവുകാരെയും നിരീക്ഷണത്തിലാക്കി. വെഞ്ഞാറമൂട് സ്റ്റേഷനിലെ 30 പൊലീസ് ഉദ്യോസ്ഥരെയും സബ് ജയിലിലെ 14 തടവുകാരെയുമാണ് നിരീക്ഷണത്തിലാക്കിയത്.

സിഐയും എസ്ഐയും അടക്കം ക്വാറൻ്റീനിലാണ്. കോവിഡ് ബാധിതനുമായി ഇടപഴകിയ ജയിൽ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കും. അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ് കോവിഡ് ബാധിതനെ പാർപ്പിച്ചിരുന്നത്.

തടവുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജയിൽ ഡി ഐ ജി സന്തോഷ് ന്യൂസ് 18 നോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് മദ്യപിച്ച് വെഞ്ഞാറമൂട് സ്വദേശി ഓടിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥനെ ഇടിക്കുന്നത്. തുടർന്ന് ഇയാളുടെ വാഹനത്തിൽ നിന്ന് വ്യാജ വാറ്റ് പിടിച്ചെടുക്കുകയും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പുതിയതായി ജയിലിൽ എത്തിക്കുന്നവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഇത്തരത്തിൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാളുമായി ഇടപഴകിയ പൊലീസ് ഉദ്യോഗസ്ഥരെയും തടവുകാരെയും ക്വാറൻറീനിലാക്കിയത്.

Exit mobile version