Site icon Ente Koratty

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള യാത്രകൾക്ക് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാൽ യാത്രക്കാർ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണിൽ പ്രവേശിക്കാൻ പാടില്ല. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്.

രാത്രി ഏഴ് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമാണ്. മെഡിക്കൽ ആവശ്യം ഉൾപ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ രാത്രി യാത്രയ്ക്ക് അനുവാദം നൽകുവെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

അതേസമയം പൊലീസിന് ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേയ്സ് ഷീൽഡുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമെന്ന നിലയിൽ ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേയ്സ് ഷീൽഡുകൾ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ 2000 ഫെയ്സ് ഷീൽഡുകൾ പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൂടാതെ ചെറിയ പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾക്ക് പുറത്ത് പോയി സാധനങ്ങൾ വാങ്ങേണ്ടതിനാലാണ് ഇളവ് നൽകുന്നത്.

Exit mobile version