Site icon Ente Koratty

സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു

സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുകയായിട്ടാണ് ഫീസ് വർധിപ്പിച്ചത്. ആധാരത്തിലെ ഓരോ പട്ടികയും ഓരോ യൂണിറ്റായി കണക്കാക്കിയാണ് പോക്ക്‌വരവ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് നടപടി.

സംസ്ഥാനത്ത് നടക്കുന്ന ഭൂമിയുടെ കൈമാറ്റങ്ങൾക്ക് അനുസൃതമായി പോക്കുവരവ് ഫീസ് വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. അഞ്ച് ആർ വരെയുള്ള ഭൂമിക്ക് നിലവിൽ 45 രൂപയായിരുന്നു. ഈ പട്ടിക മാറ്റുകയും പത്ത് ആർ വരെ ഫീസ് നൂറു രൂപയാക്കി മാറ്റുകയും ചെയ്തു. എട്ട് ആർ മുതൽ ഇരുപത് ആർ വരെയുള്ള ഭൂമി കൈമാറ്റത്തിന് 85 രൂപയായിരുന്നു നിലവിലുള്ള ഫീസ്. ഇതു 200 രൂപയാക്കി ഉയർത്തി.

20 മുതൽ 50 ആർ വരെ 150 രൂപ ഫീസായിരുന്നത് 300 രൂപയായി ഉയർത്തി. ഇതേ രീതിയിൽ തന്നെ മറ്റു പട്ടികകളിലും ഫീസ് ഉയർത്തുകയായിരുന്നു. ഒരു ഹെക്ടർ വരെ 500 രൂപയായും രണ്ട് ഹെക്ടർ വരെ 700 രൂപയായും രണ്ട് ഹെക്ടറിനു മുകളിൽ ആയിരം രൂപയായും ഫീസ് ഉയർത്തി. ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിനാൽ ഏപ്രിൽ ഒന്നു മുതൽ നടത്തിയ ഭൂമി കൈമാറ്റങ്ങൾക്ക് പുതിയ ഫീസ് നൽകേണ്ടി വരും.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വീർപ്പുമുട്ടുന്ന സംസ്ഥാനത്തിന് ചെറിയ ആശ്വാസമായി ഫീസ് വർധന മാറും.

Exit mobile version