Site icon Ente Koratty

സർക്കാറിനെ ധിക്കരിക്കാനില്ല: സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

എത്രയും പെട്ടെന്ന് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകള്‍. സർക്കാറിനെ ധിക്കരിക്കാനോ വെല്ലുവിളിക്കാനോ ഇല്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അറ്റകുറ്റപണി തീര്‍ത്ത് ബസുകള്‍ നിരത്തിലിറക്കും. അതിനുള്ള സാവകാശം ചോദിച്ചിട്ടുണ്ട്. വരുമാന നഷ്ടമുണ്ടാകും. കോവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം അനുഭാവത്തോടെ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബസ് ഉടമകള്‍ അറിയിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ കേട്ടുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സർക്കാരിനോട് നിസഹകരിക്കുക അവരുടെ നയമല്ല. വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. ആകെ 1850 ബസുകളാണ് നിരത്തില്‍ ഇറങ്ങുക. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്.

Exit mobile version