Site icon Ente Koratty

പാലാരിവട്ടം പാലം അഴിമതി: ടി.ഒ. സൂരജിനെ തള്ളി മുഹമ്മദ് ഹനീഷ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിന്റെ അവസാനഘട്ടമെന്ന നിലയിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു കരാർ നൽകിയ ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ മുഹമ്മദ് ഹനീഷ് ശിപാർശ ചെയ്തെന്നായിരുന്നു പൊതുമരാമത്ത് സൂരജിന്റെ മൊഴി. എന്നാൽ ഈ ആരോപണം മുഹമ്മദ് ഹനീഷ് നിഷേധിച്ചു. മുൻകൂർ തുക കൈമാറാനായി ലഭിച്ച അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നു മുഹമ്മദ് ഹനീഷ് മൊഴി നൽകി. സൂരജിനാണ് അപേക്ഷ കൈമാറിയതെന്നും അനുമതി നൽകി ഉത്തരവിറക്കിയതിൽ തനിക്കു പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച  മൊഴിയെടുക്കൽ നാലുമണിക്കൂർ നീണ്ടു. നിലവിൽ ശേഖരിച്ച രേഖകൾ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. കൂടാതെ പട്ടികലയിലുള്ള മറ്റുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

Exit mobile version