കൊവിഡ് കാലത്ത് കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് ‘തേനമൃത്’ ന്യൂട്രി ബാറുകളുടെ വിതരണം മന്ത്രിമാരായ കെകെ ശൈലജ, വിഎസ് സുനില്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. മൂന്ന് വയസ് മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിനാണ് പദ്ധതി. വനിത ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായാണ് പദ്ധതി തയാറാക്കിരിക്കുന്നത്.
കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വനിത ശിശുവികസന വകുപ്പ് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. പോഷകാഹാര കുറവ് പരിഹരിക്കാനായി കേരളത്തിന്റെ തനതായ പ്രത്യേകതയോടു കൂടി സമ്പുഷ്ട കേരളം ആവിഷ്ക്കരിച്ചിരുന്നു. നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി ശ്രദ്ധിച്ചു കൊണ്ടു മാത്രമേ കുട്ടികളുടെ ആരോഗ്യം പൂര്‍ണമായി സംരക്ഷിക്കാനാകൂ. മാതൃ മരണ നിരക്കിലും ശിശു മരണ നിരക്കിലും വളരെ കുറവിലാണ് കേരളം. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ശിശു മരണ നിരക്ക് കുറയുമെന്ന് പറയുമ്പോഴും കുട്ടികളില്‍ പോഷകാഹാര കുറവ് കാണാറുണ്ട്. അവരെ കൂടി മുന്നില്‍ കണ്ടാണ് വനിത ശിശുവികസന വകുപ്പ് പല പദ്ധതികളും ആവിഷ്ക്കരിച്ചിരിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും ചില കുട്ടികളില്‍ പോഷണക്കുറവ് കാണുന്നുണ്ട്. സാധാരണ ഭക്ഷണം പല കുട്ടികളും കഴിക്കാറില്ല. പലതരം ചേരുവകകള്‍ ചേര്‍ന്ന ഭക്ഷണത്തില്‍ മാത്രമേ കുട്ടികള്‍ക്ക് എല്ലാ പോഷണ മൂല്യങ്ങളും ലഭിക്കൂ. അതിനാലാണ് പുതിയ പരീക്ഷണമായി തേനമൃത് പദ്ധതി ആവിഷ്ക്കരിച്ചത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയ ബീന്‍സ്, മറ്റു ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12 ഓളം ചേരുവകള്‍ ഉപയോഗിച്ചാണ് ന്യൂട്രിബാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് മതിയായ പോഷണങ്ങള്‍ നല്‍കുന്നതാണ്. ഇതിന് എല്ലാ പിന്തുണയും നല്കിയ കൃഷി വകുപ്പിന് നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വളരെ ക്രിയാത്മകമായ ഇടപെടലുകളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. പിഞ്ചു കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ ഇടപെടലുകളാണ് വനിത ശിശു വികസന വകുപ്പ് നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പുമായി കൈകോര്‍ത്ത് നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതി വളരെ നേരത്തെ തന്നെ നടപ്പിലാക്കി വരികയാണ്. ആരോഗ്യ വകുപ്പ് തയാറാക്കി നല്കിയ ഹെല്‍ത്തി പ്ലേറ്റ് ജീവനിയായും ഇപ്പോള്‍ സുഭിക്ഷ കേരളവുമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ആരോഗ്യം എങ്ങനെ മരുന്നാക്കി മാറ്റാമെന്നതാണ് പ്രധാനം. രോഗ പ്രതിരോധത്തിന് ഇത് വളരെ പ്രധാനമാണ്. ഇതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പുമായി ചേര്‍ന്ന് തേനാമൃതം ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്. ശുദ്ധമായ തേന്‍ കുട്ടികള്‍ക്ക് എത്തിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്ന കാര്യം പരിഗണിച്ച് വരുന്നതായും മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.