Site icon Ente Koratty

കോവിഡ് ബാധിതരുമായി നേരിയ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗം: കാസര്‍കോട് ആശങ്കയില്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് വീണ്ടും ആശങ്കയിലായി. മൂന്നാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15 പേരില്‍ 7 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. 4 പേര്‍ക്ക് കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരുടെ സമ്പര്‍ക്കം മൂലമാണ്.

റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളും ചികിത്സിച്ച് ഭേദമാക്കി ജില്ല കോവിഡ് മുക്തമായതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരിലൂടെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 15 പേരില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ വ്യക്തിയും മറ്റൊരാള്‍ മഞ്ചേരിയില്‍ നിന്നും വന്നയാളുമാണ്. മുംബൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും ചരക്ക് ലോറിയില്‍ നാട്ടിലെത്തിയ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് മറ്റ് നാല് പേര്‍. ഇതില്‍ രണ്ട് പേര്‍ നേരിട്ട് സമ്പര്‍ക്കവും മറ്റ് രണ്ട് പേര്‍ അനുബന്ധ സമ്പര്‍ക്കവുമാണ്.

ഇതര സംസ്ഥാനങ്ങളിലെ ഹോട്സ്പോട്ടുകളില്‍ നിന്നും നാട്ടിലെത്തുന്നവരുമായി നേരിയ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പോലും രോഗം പടരുന്നത് ഗൌരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ജില്ലയിലേക്ക് അനധികൃതമായി ആളുകളെത്തുന്നതും കോവിഡ് പ്രതിരോധത്തെ താളം തെറ്റിക്കുമെന്ന ആശങ്കയുണ്ട്. ജില്ലയിൽ ശനിയാഴ്ച മാത്രം 61 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 262 ആയി. 2398 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. നീലേശ്വരം, കാസർകോട് നഗരസഭകളും പൈവളികെ, മംഗൽപാടി, കുമ്പള, കളാർ പഞ്ചായത്തുകളുമാണ് നിലവിൽ ജില്ലയിലെ ഹോട് സ്പോട്ടുകൾ.

Exit mobile version