കൊല്ലം: കോവിഡ് കാലത്തിൽ ലോകം വലയുമ്പോഴും കേരളത്തിൽ പേരും പെരുമയുമുണ്ടാക്കിയ ഒന്നാണ് ചക്ക. ഒട്ടുമിക്ക വീടുകളിലും ചക്ക വിഭവങ്ങളുടെ പരീക്ഷണം നടന്നു.
പറമ്പിൽ ആർക്കും ആവശ്യമില്ലാതെ പഴുത്തു വീണ് ചിതറുമായിരുന്ന ചക്കയ്ക്ക് തീൻമേശകളിൽ ലഭിച്ചത് രാജകീയ സ്വീകരണം. സംഗതി അവിടം കൊണ്ടും തീരുന്നില്ല, ചക്കയുടെ പടയോട്ടം തുടരുകയാണ്. കൊല്ലം അഞ്ചലിൽ വിളഞ്ഞ ചക്ക എത്തി നിൽക്കുന്നത് ഗിന്നസ് റെക്കോഡിന്റെ വാതിൽക്കൽ. അഞ്ചൽ ഇടമുളക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻ വീട്ടിൽ ജോൺകുട്ടിയുടെ പുരയിടത്തിൽ വിളഞ്ഞ കൂറ്റൻ ചക്കയാണ് ചരിത്രമെഴുതുന്നത്.
2016 ൽ 42.73kg തൂക്കവും, 57.15 സെന്റീമീറ്റർ നീളവുമുള്ള പൂനയിൽ നിന്നുള്ള ചക്കയായിരുന്നു ഏറ്റവും വലിയ ചക്ക എന്ന ഗിന്നസ് റെക്കോർഡ് ഇതുവരെ നിലനിർത്തിയിരുന്നത്. ഈ റെക്കോർഡ് തകർത്താണ് അഞ്ചൽ ജോണ്കുട്ടിയുടെ നെടുവിള പുത്തൻവീട്ടിലേക്കു ഗിന്നസ് റെക്കോർഡിലേക്ക് എത്തുന്നത്. ഇവിടെ വിളഞ്ഞ തേൻ വരിക്ക ഇനത്തിലുള്ള ചക്കയുടെ തൂക്കം 51.5kg ആണ്. 97സെന്റീമീറ്റർ നീളവും ചക്കയ്ക്കുണ്ട്.
അസാധാരണ വലിപ്പം തോന്നിയതിനെ തുടർന്ന് ജോൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ ചക്ക കയറിൽ കെട്ടി ഇറക്കുകയായിരുന്നു. തുടർന്ന് തൂക്കി നോക്കിയപ്പോഴാണ് 51 കിലോയോളം തൂക്കമുള്ളതായി മനസ്സിലായത്. തുടർന്ന് വേൾഡ് റെക്കോർഡ് പരിശോധിച്ചപ്പോൾ നിലവിൽ 42 .7 1 കിലോ തൂക്കമുള്ള ചക്കയാണ് ഗിന്നസ് ബുക്ക് റെക്കോർഡ് എന്നു തിരിച്ചറിഞ്ഞു.
ജോൺകുട്ടി ഗിന്നസ് റെക്കോർഡ് അധികാരികളെയും ലിംക ബുക്ക് ഓഫ് റെക്കോർഡ് അധികാരികളെയും വിവരമറിയിച്ചിട്ടുണ്ട്. കൃഷി ഓഫീസറും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
നേരത്തെയും വലിപ്പമുള്ള ചക്കകൾ ഇതേ പ്ലാവിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും ഇത്രയും വലുത് ആദ്യമായാണ്. വരും ദിവസങ്ങളിൽ ലോക റെക്കോർഡ് തകർത്തു കൊണ്ടുള്ള ചക്കയുടെ തൂക്കവും നീളവും പരിശോധിക്കാൻ ഗിന്നസ് റെക്കോർഡ് അധികൃതർ എത്തുമെന്ന് ജോൺകുട്ടിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോൺകുട്ടി.