കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള 2 കപ്പലുകൾ കൊച്ചിയിലെത്തി. എം വി കോറൽസ്, എം വി മിനിക്കോയ് എന്നീ കപ്പലുകളിലായി 143 പേരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. എം വി കോറൽസ് എന്ന കപ്പലിൽ 109 യാത്രക്കാരും എം വി മിനിക്കോയ് എന്ന കപ്പലിൽ 34 പേരുമാണ് ഉണ്ടായത്. കൊച്ചി തുറമുഖത്തെ ബി ടി പി ബെർത്തിലാണ് കപ്പലുകൾ എത്തിയത്. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട കപ്പലുകളാണ് പ്രവാസികളുമായി ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്.
ലക്ഷദ്വീപിൽ നിലവിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ എല്ലാവരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരും. ഇത്തരത്തിൽ ലക്ഷദ്വീപിൽ കുടുങ്ങിയ 129 പേരെ രണ്ട് കപ്പലുകളിലായി കഴിഞ്ഞ ആഴ്ച്ച എത്തിച്ചിരുന്നു.
നേരത്തെ, മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി പുറപ്പെട്ട ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തിയിരുന്നു. യാത്രക്കാരിൽ 440 മലയാളികളാണ് ഉണ്ടായിരുന്നത്. 18 ഗർഭിണികളും 14 കുട്ടികളും യാത്രക്കാരിൽ ഉൾപ്പെട്ടിരുന്നു. 698 യാത്രക്കാരിൽ 595 പുരുഷൻമാരും 109 സ്ത്രീകളും ആയിരുന്നു. 36 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് കപ്പൽ തീരത്ത് അടുത്തത്.
മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ കഴിഞ്ഞ ദിവസം കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് മഗറിൽ 93 മലയാളികളുൾപ്പടെ 202 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 178 പേർ പുരുഷൻമാരും 24 പേർ സ്ത്രീകളുമാണ്. 13 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ചണ്ഡീഗഢിൽ നിന്നുമുള്ള യാത്രക്കാർ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നുള്ള 91 യാത്രക്കാരും തമിഴ്നാട്ടിൽ നിന്നുള്ള 83 യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 28 പേരാണ്.