Site icon Ente Koratty

സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ ബുധനാഴ്ച്ച തുറക്കും

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. പാഴ്സല്‍ മാത്രമായിട്ടായിരിക്കും കള്ള് നല്‍കുക. ഒരു സമയം അഞ്ച് പേരെ മാത്രം അനുവദിക്കും. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നേരത്തെ, മദ്യവില്‍പ്പനയ്ക്ക് വിര്‍ച്വല്‍ ക്യൂ തയാറാക്കാനുള്ള സോഫ്റ്റ് വെയര്‍ നിര്‍മിക്കാന്‍ കമ്പനികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബെവ്കോ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനെ സമീപിച്ചു. മദ്യശാലകള്‍ തുറന്നാലുള്ള തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ വെര്‍ച്യല്‍ ക്യൂ സമ്പ്രദായം ആലോചിക്കുന്നത്.

മദ്യശാലകള്‍ തുറന്ന സംസ്ഥാനങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല മദ്യം ഓണ്‍ലൈന്‍ ആയി നല്‍കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതോടെ മറ്റ് നിയമപ്രശ്നനങ്ങള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

വെര്‍ച്ച്യല്‍ ക്യൂ സംവിധാനത്തിലൂടെ മദ്യനല്‍കാനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കാനാണ് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ സഹായം ബെവ്കോ തേടിയത്. സാമൂഹ്യ അകലം പാലിച്ച് വിവിധ സമയങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച് മദ്യം നല്‍കാനാണ് ആലോചന. ഓണ്‍ലൈനില്‍ പണമടക്കുന്നവര്‍ക്ക് നിശ്ചിത സമയത്ത് മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കും. ടോക്കണിലെ ക്യൂ ആര്‍ കോഡ് ബെവ്കോ ഔട്ട് ലെറ്റില്‍ സ്കാന്‍ ചെയ്ത് ശേഷം മദ്യം നല്‍കും.

ഇത്തരത്തില്‍ മദ്യം ലഭിക്കുന്നവര്‍ക്ക് അടുത്ത അഞ്ച് ദിവസം അപേക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ സോഫ്റ്റ് വെയര്‍ തയ്യാറാക്കണമെന്നാണ് ബെവ്കോ എം.ഡി നല്‍കിയ കത്തില്‍ പറയുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാവത്തിലൂടെ മദ്യം നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. അതേസമയം ബുധനാഴ്ച കള്ള് ഷാപ്പുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കള്ള് പാഴ്സലായി നല്‍കുന്നതിന് നിയമഭേദഗതി വേണ്ടെന്ന നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

Exit mobile version