മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് തിരികെയെത്താന്‍ നോര്‍ക്കയുടെ പാസ് വിതരണം പുനരാരംഭിച്ചു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പാസ് വിതരണം ചെയ്യുന്നത്. പാസ് ലഭിക്കാത്തത് കൊണ്ട് നൂറ് കണക്കിന് മലയാളികളാണ് വിവിധ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
ആദ്യ ദിവസങ്ങളില്‍ പാസ് ലഭിച്ച് തിരികെ എത്തിയ എല്ലാവരേയും ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് നോര്‍ക്ക പാസ് വിതരണം നിര്‍ത്തിവെച്ചത്. എന്നാല്‍ അത്യാവശ്യമുള്ളവര്‍ക്ക് പോലും പാസ് ലഭിക്കാതിരുന്നതോടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് പാസ് വിതരണം പുനരാരംഭിക്കാന്‍ നോര്‍ക്ക തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച റെഡ് സോണ്‍ മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് വിതരണം ചെയ്യില്ല. അതേസമയം അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വാളയാറിലും തലപ്പാടിയിലുമാണ് നിരവധി പേര് എത്തിയത്. ഇതില്‍ കൂടുതല്‍ പേരും പാസില്ലാത്തവരാണ്. പാസ് ഇല്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്തി വിടില്ലെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ല അറിയിച്ചു. കഴിഞ്ഞ ദിവസവും നിരവധി പേരാണ് പാസില്ലാതെ മുത്തങ്ങയിലെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. പാസ് വിതരണത്തില്‍ സര്‍ക്കാര്‍ ഗുരുതര അലംഭാവം കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പാസില്ലാത്ത അതിര്‍ത്തി കടന്നെടുത്തവര് റെഡ് സോണില്‍ നിന്നാണെന്ന് പരിഗണിച്ച് അവരെ ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.