Site icon Ente Koratty

SSLC പരീക്ഷ ഫലം ജൂൺ 15ന് മുമ്പ്; പരീക്ഷ മെയ് 26 മുതൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ മെയ് 26 മുതൽ ആരംഭിക്കും. മേയ് 21 മുതൽ വി എച്ച് എസ് ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാൻ സിഗ് സാഗ് രീതിയിൽ ക്രമീകരണം പരിഗണനയിലുണ്ട്.

എസ് എസ് എൽ സി പരീക്ഷ റമദാന് ശേഷം നടത്തും. മേയ് 26 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് എസ് എസ് എൽ സി പരീക്ഷ. പരീക്ഷാഹാളിൽ മാസ്ക് നിർബന്ധമാണ്. ഇതാണ് നിലവിലെ തീരുമാനം. സാമൂഹിക അകലം അടക്കം കോവിഡ് 19 പ്രതിരോധമാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ രാവിലെ നടത്തും.

ലോക്ക്ഡൗണിന് ശേഷം വി എച്ച് എസ് ഇ പരീക്ഷയാണ് ആദ്യം നടത്തുന്നത്. മേയ് 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷ നടക്കും. ബാക്കി പരീക്ഷകൾ 26 മുതൽ നടത്തും. ആറായിരത്തോളം വിദ്യാർഥികൾ മാത്രമുള്ള വി എച്ച് എസ് ഇ പരീക്ഷകൾ നടത്തി ക്രമീകരണങ്ങളിൽ പോരായ്മകളില്ലെന്ന് ഉറപ്പ് വരുത്തും. മേയ് 13 മുതൽ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം തുടങ്ങും. + 1, +2 പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം.

എസ്എസ്എൽസി പരീക്ഷയ്ക്ക് 20 വിദ്യാർഥികളും ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 30 പേരുമായിരുന്നു ഒരു പരീക്ഷാഹാളിൽ. സാമൂഹിക അകലം പാലിക്കാൻ പരീക്ഷ നടത്തിപ്പിനായി കൂടുതൽ ക്ലാസ് മുറികൾ ഒരുക്കും. എസ്എസ്എൽസി മൂന്ന് പരീക്ഷയും പ്ലസ് ടുവിൽ നാല് പരീക്ഷയുമാണ് ബാക്കിയുള്ളത്.

ഒരു മൂല്യനിർണയ ക്യാമ്പിൽ 200 അധ്യാപകർ ഉണ്ടാകും. നേരത്തെ 20 അധ്യാപകരായിരുന്നു ഒരു ക്ലാസിൽ മൂല്യനിർണയം നടത്തിയിരുന്നത്. അത് 10 പേരാക്കി കുറക്കും. സിഗ് സാഗ് മാതൃകയിലായിരിക്കും മൂല്യനിർണയ ക്യാമ്പിലെ ക്രമീകരണം. അധ്യാപകർക്ക് മാസ്കും സാനിറ്റെസറും ലഭ്യമാക്കും. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം നേരത്തെ ആരംഭിക്കുന്നതിനാൽ ഫല പ്രസിദ്ധീകരണം വൈകില്ല. ജൂൺ 15ന് മുമ്പ് SSLC, പ്ലസ് ടു പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കും.

Exit mobile version