Site icon Ente Koratty

മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനായി വിപുലമായ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനായി വിപുലമായ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്കായുള്ള സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ സ്വകാര്യ ആശുപത്രികളിലടക്കം പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവാസികള്‍ക്കുള്ള ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നാലായിരം കേന്ദ്രങ്ങളിലായി പതിനായിരത്തിലധികം ആളുകള്‍ക്കുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 330 കേന്ദ്രങ്ങളിലായി 9100 പേരെ താമസിപ്പിക്കാനാകും. കോഴിക്കോട് ജില്ലയില്‍ 567 കേന്ദ്രങ്ങളിലായി നാല്‍പ്പതിനായിരത്തോളം ആളുകള്‍ക്കുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളാണ് ഇവയില്‍‌ ഭൂരിഭാഗവും. വീടുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണവിതരണത്തിന്‍റെ ചുമതല കുടുംബശ്രീക്കും.

മലപ്പുറം ജില്ലയില്‍ 200 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 11,758 പേരെ ഇവിടെ താമസിപ്പിക്കാനാകും. കണ്ണൂരില്‍ 2045 മുറികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്കൂളുകളുടേയും കോളജുകളുടേയും കെട്ടിടങ്ങളും ഉപയോഗപ്പെടുത്തും. കാസര്‍കോട് മൂവായിരം പേരെ താമസിപ്പിക്കാനുള്ള സൌകര്യമാണുള്ളത്. പാലക്കാട് അഞ്ഞൂറിലധികം കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്.തൃശൂരില്‍ പതിനേഴായിരത്തിലധികം ആളുകള്‍ക്കുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴയില്‍ ആദ്യഘട്ടത്തില്‍ 7650 പേര്‍ക്കുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്ത് പതിനയ്യായിരം പേരെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങളേര്‍പ്പെടുത്തി. പത്തനംതിട്ടയില്‍ 110 സെന്‍ററുകള്‍ സജ്ജമാണ്.ആവശ്യമെങ്കില്‍ 830 സെന്‍ററുകള്‍ കൂടി ലഭ്യമാക്കും.

Exit mobile version