പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. എംബസി നിശ്ചയിച്ച മുൻഗണനാ പട്ടികയിലുള്ളവർ ടിക്കറ്റ് സ്വന്തമാക്കി തുടങ്ങിയതോടെ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. പുറപ്പെടുന്നവർക്ക് വിമാനത്താവളത്തിൽ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൌദിയിലെ പ്രവാസികളുടെ മടക്കം സംബന്ധിച്ച് ഇന്ത്യന്‍ എംബസി വൈകീട്ട് വിശദീകരിക്കും.
രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. നാട്ടിലെത്തിയാൽ ക്വാറന്റയിനിൽ പോകാൻ തയാറാണെന്ന് സത്യവാങ് മൂലം നൽകണം. ഇതടക്കം യാത്രക്കാർ പാലിക്കേണ്ട മെഡിക്കൽ പ്രോട്ടോക്കോൾ അധികൃതർ പുറത്തുവിട്ടു. വിമാനത്തിൽ കയറുന്നത് വരെ വിദേശത്തെ ആരോഗ്യ അതോറിറ്റി നിഷ്കർഷിക്കുന്ന ആരോഗ്യ പ്രോട്ടോകോൾ പാലിക്കണം. ഇതനുസരിച്ചായിരിക്കും റാപിഡ് ടെസ്റ്റ്. കൈയുറ, മാസ്ക് സാനിറ്റൈസർ എന്നിവ അടങ്ങുന്ന കിറ്റും യാത്രക്കാർക്ക് നൽകും. ഗർഭിണികൾ, രോഗികൾ എന്നിവരെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയുണ്ടാവില്ല. പ്രത്യേക സാഹചര്യത്തിൽ മാത്രമേ ഇത് പരിഗണിക്കൂ.
നാളെ രാവിലെ 11.35 ന് ദോഹയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.15 ന് കൊച്ചിയിലാണ് ആദ്യവിമാനം എത്തുക. രണ്ടാമത്തെ വിമാനം ടിക്കറ്റ് പ്രകാരം രാത്രി 7.40 നാണ് ദുബൈയിൽ നിന്ന് കോഴിക്കോട് എത്തുക. അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകുന്നേരം 4.15 പുറപ്പെട്ട് രാത്രി 9.40 ന് നാട്ടിലെത്തും.