Site icon Ente Koratty

ഇതര സംസ്ഥാനങ്ങളിലെ ആദ്യ മലയാളി സംഘം ഇന്ന് തിരിച്ചെത്തും

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാനത്തെ മലയാളികളുടെ ആദ്യ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സക്ക് പോയ സംഘം രാവിലെ 11 മണിക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി എത്തും. മൈസൂര്‍ കലക്ടറുടെ അനുമതിയോടെയാണ് സംഘം എത്തുന്നത്. വാളയാര്‍ ചെക്പോസ്റ്റ് വഴിയും നാളെ ഇതര സംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ആളുകളെ കടത്തിവിടുക. ഇതിനായി 16 കൌണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിൽ എത്തുന്ന ആളുകളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും അല്ലാത്തവരെ വീടുകളിലും സര്‍ക്കാര്‍ ഒരുക്കിയ ക്വറന്‍റൈന്‍ സെന്‍ററിലും നിരീക്ഷണത്തിലാക്കും. 1,50,000ത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്താനായി രജിസ്റ്റര്‍ ചെയ്തത്. ആര്യങ്കാവ്, ഇഞ്ചിവിള, മഞ്ചേശ്വരം ചെക്പോസ്റ്റുകള്‍ വഴി തിരിച്ചെത്തുന്ന മലയാളികളെ വരും ദിവങ്ങളില്‍ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. തമിഴ്നാട് സര്‍ക്കാരിന്‍റെ അനുമതി ലഭിച്ച ശേഷമായിരിക്കും ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയെന്ന് ഇടുക്കി ജില്ല കലക്ടര്‍ അറിയിച്ചു.

അതേ സമയം മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി മതിയായ യാത്രാസൌകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്തത് വിവാദമായിട്ടുണ്ട്. സ്വന്തം ഉത്തരവാദിത്തത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ തിരികെ എത്താനാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.

Exit mobile version