ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് തിരിച്ചുവരുന്നതിനായുളള പാസുകൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം. നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിലായിരിക്കും പാസുകൾ അനുവദിക്കുക. വരുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഏത് ജില്ലകളിലേക്കാണോ മടങ്ങിയെത്തേണ്ടത് അതത് ജില്ല കലക്ടർമാർക്കാണ് പാസിനായി അപേക്ഷ നൽകേണ്ടത്.
covid19jagratha.kerala.nic.in എന്ന വെബ് പോർട്ടൽ മുഖേന ഇന്ന് വൈകീട്ട് 5 മുതൽ അപേക്ഷിക്കാം. ഗർഭിണികൾ, രോഗികൾ, കുടുംബവുമായി അകന്നു നിൽക്കുന്നവർ, വിദ്യാർഥികൾ എന്നിങ്ങനെ മുൻഗണനാ ക്രമത്തിലായിരിക്കും ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. വിവരങ്ങൾ പരിശോധിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ, ഇ- മെയിലിലേക്കോ QR കോഡ് സഹിതമുളള യാത്ര പാസ് കലക്ടർമാർ നൽകും. ഇതിന് ശേഷമാണ് യാത്ര ആരംഭിക്കേണ്ടത്. നിർദിഷ്ട ചെക്ക് പോസ്റ്റുകൾ വഴി പരമാവധി 500 പേരെയേ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളു. അതേസമയം, മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ യാത്ര മാർഗം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതര സംസ്ഥാനത്തുള്ളവർ സ്വന്തം ഉത്തരവാദിത്വത്തിൽ കൂട്ടമായി ബസ് പിടിച്ചോ സ്വകാര്യ വാഹനങ്ങളിലോ എത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ വിദൂര സംസ്ഥനങ്ങളിലുള്ളവർക്ക് ട്രെയിൻ സൌകര്യമില്ലാതെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. അതിഥി തൊഴിലാളികളെ ട്രെയിൻ മുഖേന മടക്കിയയച്ച സംവിധാനം കേരളം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.