ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ മാസത്തിലെ വരുമാനത്തില്‍ 92 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മാര്‍ച്ച് മാസം 1,766 കോടി രൂപ വരുമാനം കിട്ടിയപ്പോള്‍ ഏപ്രില്‍ മാസത്തെ വരുമാനം കേവലം 161 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രളയകാലത്ത് പോലും 200 കോടി രൂപയുടെ കുറവായിരുന്നു സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായിരുന്നത്.
ഭൂമി രജിസ്ട്രേഷന് വിഭാഗത്തില്‍ 255 കോടി രൂപയാണ് മാര്‍ച്ച് മാസം ലഭിച്ചതെങ്കില്‍ വെറും 12 കോടി രൂപയാണ് ഏപ്രിലില്‍ ലഭിച്ചത്. മദ്യ വില്‍പ്പനയില്‍ നിന്ന് ഒരു രൂപ പോലും ഏപ്രില്‍ മാസം സംസ്ഥാന ഖജനാവിലേക്ക് എത്തിയിട്ടില്ല. ഏപ്രില്‍ മാസം പൂര്‍ണമായും സംസ്ഥാനത്തെ മദ്യശാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. വാഹന നികുതിയില്‍ 300 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഏപ്രിലില്‍ അത് വെറും നാലു കോടിയായി ചുരുങ്ങി. പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ 600 കോടി രൂപയാണ് സാധാരണ ഗതിയില്‍ ലഭിച്ചിരുന്നത്. എന്നാല്‍ അത് ഏപ്രിലില്‍ 26 കോടി രൂപയായി ഇടിഞ്ഞതായും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഏപ്രിൽ മാസത്തെ നികുതി വരുമാനത്തിന്റെ കണക്കുകൾ തയ്യാറായി. ജിഎസ്ടി കഴിഞ്ഞ ഏപ്രിലിൽ 1766 കോടി രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോൾ 161 കോടി രൂപ. ഇത് മാർച്ച് മാസത്തെ വിറ്റുവരുമാനത്തിൽ നിന്നുള്ള നികുതിയാണെന്ന് ഓർക്കണം. മാർച്ച് മാസത്തിൽ ഒരാഴ്ചയല്ലേ ലോക്ഡൗൺ ഉണ്ടായുള്ളൂ. ഇതുമൂലം പ്രതീക്ഷിത വരുമാനത്തിൽ 92 ശതമാനം ഇടിവുണ്ടായെങ്കിൽ മാസം മുഴുവൻ അടച്ചുപൂട്ടിയ ഏപ്രിൽ മാസത്തിലെ നികുതി മെയ് മാസത്തിൽ കിട്ടുമ്പോൾ എത്ര വരുമെന്ന് ഊഹിക്കാവുന്നതാണ്.
പ്രളയകാലത്തുപോലും 200 കോടി രൂപയുടെ കുറവേ വന്നുള്ളൂ. പ്രളയകാലത്ത് പ്രാദേശികമായേ അടച്ചുപൂട്ടൽ ഉണ്ടായുള്ളൂ. എന്നാൽ ഇന്ന് സമ്പദ്ഘടന മൊത്തത്തിൽ അടച്ചുപൂട്ടലിലാണ്. ഈ 161 കോടി രൂപ തന്നെ ബാങ്ക് ഇൻഷ്വറൻസ് തുടങ്ങിയ മേഖലകളിൽ നിന്നോ മാർച്ച് മാസത്തിൽ പെട്ടെന്നുള്ള ലോക്ഡൗൺമൂലം നികുതി അടയ്ക്കാൻ കഴിയാത്തവരുടെതോ ആയിരിക്കണം.
ഭൂഇടപാടുകൾ നിലച്ചു. രജിസ്ട്രേഷനിൽ 255 കോടി രൂപയ്ക്ക് പകരം 12 കോടി മാത്രം. മദ്യത്തിൽ നിന്നും നികുതി വരുമാനമേ ഇല്ല. വാഹനനികുതിയിൽ നിന്ന് 300 കോടി രൂപയ്ക്കു പകരം 4 കോടി മാത്രമാണ് ലഭിച്ചത്. പെട്രോൾ, ഡീസൽ സെയിൽസ് ടാക്സ് 600 കോടി രൂപയ്ക്കു പകരം 26 കോടി മാത്രം. ഇതുതന്നെ സർക്കാർ വണ്ടികളിലടിച്ച പെട്രോളും ഡീസലുമാകാനാണ് സാധ്യത.
അതേസമയം സർക്കാർ ചെലവ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. അത് ബോധപൂർവ്വം ചെലവാക്കുന്നതാണ്. ആരുടെ കൈയ്യിലും പണമില്ല. അതുകൊണ്ട് പഴയ കുടിശികകൾ തീർക്കുന്നതായാലും ഭാവിയിൽ കൊടുക്കേണ്ടത് അഡ്വാൻസായി നൽകിയാലും ഇപ്പോൾ മുൻഗണന പണം ജനങ്ങളുടെ കൈയിൽ എത്തിക്കലാണ്. പെൻഷനടക്കം ക്യാഷ് ട്രാൻസ്ഫർ മാത്രം 8000ത്തോളം കോടി രൂപ വരും. പിന്നെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2000ത്തോളം കോടി രൂപയുടെ കുടിശിക കൊടുത്തു തീർത്തുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സ്കോളർഷിപ്പ്, വിവിധ ക്ഷേമാനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കൊക്കെ മുൻഗണനയുണ്ട്. മെയ് മാസം പകുതിയാകുമ്പോഴേയ്ക്കും സർക്കാരിന്റെ എല്ലാ കുടിശികകളും കൊടുത്തു തീർത്തിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ രണ്ടാംഗഡു പണവും മെയ് മാസത്തിൽ അനുവദിക്കും.
ഇതിനെല്ലാം പണം എവിടെ? കേന്ദ്രം കൂടുതലൊന്നും തന്നില്ലെങ്കിലും തരാനുള്ള കുടിശികയെങ്കിലും തരിക. ഏപ്രിൽ മാസത്തെയുംകൂടി കണക്കാക്കുകയാണെങ്കിൽ 5000 കോടി രൂപയെങ്കിലും ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. കഴിഞ്ഞ വർഷം നമുക്ക് അനുവദിച്ച വായ്പയുടെ ഏതാണ്ട് 8500 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. അത്തരമൊരു ആഘാതം ഇത്തവണ സഹിക്കേണ്ടിവരില്ലായെന്നു തോന്നുന്നു. ഈയൊരു സമാശ്വാസം ഒഴിച്ചാൽ ഇതുവരെ ഒരു അനുകൂല നീക്കവും കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം 5930 കോടി രൂപ കടമെടുത്താണ് കാര്യങ്ങൾ നടത്തിയത്. ഈ മാസം കടം വാങ്ങിയാണ് ശമ്പളം തന്നെ കൊടുക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. പഞ്ചാബ് അടക്കമുള്ള പല സംസ്ഥാന സർക്കാരുകളുടെയും സ്ഥിതി ഇതാണ്. കോർപ്പറേറ്റുകൾക്കും മ്യൂച്ച്വൽ ഫണ്ടുകൾക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകൾ പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാർ വരുമാനം പൂർണ്ണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നൂവെന്നതാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ വിരോധാഭാസം.