Site icon Ente Koratty

വയനാട് ഓറഞ്ച് സോണില്‍; ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകള്‍ ഗ്രീന്‍, 80 ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 ഹോട്ട് സ്‌പോട്ടുകള്‍ കണ്ണൂരിലാണ്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട് സ്‌പോട്ടുകള്‍ വീതമുണ്ട്. പുതുതായി ഒരു സ്ഥലത്തെയും ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത് കണ്ണൂര്‍ ജില്ലയിലാണ്. 38 പേര്‍. ഇവിടെ ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ കാസര്‍കോട് സ്വദേശികളാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്നു. കോട്ടയത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്. കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതം ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

21 ദിവസമായി കോവിഡ് കേസുകള്‍ ഇല്ലാത്ത എറണാകുളം, വയനാട് ജില്ലകള്‍ കേന്ദ്രം ഇന്നലെ പുറത്തിറക്കിയ പട്ടിക പ്രകാരം ഗ്രീന്‍ സോണിലാണ്. എന്നാല്‍, ഇന്നത്തെ പരിശോധനയില്‍ ഒരു പോസിറ്റീവ് കേസ് കണ്ടെത്തിയതിനാല്‍ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റി. 

21 ദിവസമായി പുതിയ കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകള്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര മാനദണ്ഡ പ്രകാരമാണ് മാറ്റം. എറണാകുളം ജില്ല ഇന്നലെ തന്നെ ഗ്രീന്‍ സോണിലേക്കു മാറിയിരുന്നു.  നിലവില്‍ കോവിഡ് 19 രോഗികള്‍ ചികിത്സയില്‍ ഇല്ലാത്ത ജില്ലകളാണ് ഇവ. കണ്ണൂര്‍  കോട്ടയം ജില്ലകള്‍ റെഡ് സോണില്‍ തുടരും. 

ഗ്രീന്‍ സോണ്‍, റെഡ് സോണ്‍ വിഭാഗങ്ങളില്‍ പെടാത്ത ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകള്‍  ഓറഞ്ച് സോണിള്‍ ഉള്‍പ്പെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളില്‍ മാറ്റംവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version