Site icon Ente Koratty

മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പന ശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17 ന് ശേഷം മദ്യവില്‍പന ശാലകള്‍ തുറന്നാല്‍ മതിയെന്ന് ഉന്നതതല യോഗത്തിൽ നിർദേശം.  ബെവ്‌കോ തുറന്നാല്‍ അനിയന്ത്രിതമായി ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഔട്ട്ലെറ്റുകൾ തുറക്കേണ്ടി വന്നാൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറേജസ് കോർപ്പറേഷൻ എംഡി മാനേജർമാർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറും പുറത്തിറങ്ങിയിരുന്നു. ബിവറേജസ്  കോർപ്പറേഷൻ ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കണം. ഇതിന് ആവശ്യമായ തെർമൽ സ്കാനറുകൾ ബെവ്കോ ആസ്ഥാനത്തു നിന്ന് നൽകും. മദ്യശാലകൾ തുറക്കുന്നതിനു മുമ്പായി  ഔട്ട്ലറ്റുകളുടേയും വെയർഹൗസുകളുടെയും പരിസരം അണുവിമുക്തമാക്കണം. ഇതിനായി അംഗീകാരമുള്ള ഏജൻസികളെ ചുമതലപ്പെടുത്തണമെന്നുള്ള നിർദേശങ്ങളും സർക്കുലറിൽ ഉണ്ടായിരുന്നു.

എന്നാൽ നിലവില്‍ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവില്‍ ബാറുകള്‍ അടച്ചുതന്നെ ഇടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ അണുവിമുക്തമാക്കി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മതി. മദ്യശാലകള്‍ തുറക്കാന്‍ മറ്റു തടസങ്ങളില്ലെന്നും എക്‌സൈസ് മന്ത്രിയും വ്യക്തമാക്കി.

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പന നിബന്ധനകള്‍ പാലിച്ചു നടത്താമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുസമയത്ത് പാടില്ലെന്നും ശുചീകരണ സംവിധാനം ഒരുക്കി മദ്യവില്‍പന ശാല തുറക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

Exit mobile version