അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് പുറപ്പെടും. ആലുവയിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായ വിശ്വാസ് മേത്ത ഇക്കാര്യം ന്യൂസ് 18നോട് പറഞ്ഞു. അഞ്ചു ട്രെയിനുകൾ കൂടി ഓടിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടം നൽകുന്ന പട്ടികയിൽനിന്ന് തെരഞ്ഞെടുത്ത 1200 പേരെയാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ല. പഓരോ ബോഗിയിലും 50 പേരെ അനുവദിക്കുമെന്നാണ് യാത്ര. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്. പൊലീസ്, റവന്യൂ വകുപ്പുകൾ ചേർന്നാണ് ആദ്യ ട്രെയിനിൽ പുറപ്പെടാനുള്ള 1200 പേരുടെ പട്ടിക തയ്യാറാക്കിയത്. റെയിൽവേ സ്റ്റേഷനിൽ കൃത്യമായ സ്ക്രീനിങ്ങിന് ശേഷമായിരിക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടാകുക. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്രയ്ക്കുള്ള ക്രമീകരണം.
അതേസമയം യാത്രക്കാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചില അവ്യക്തതകൾ ഉണ്ടായിരുന്നു. ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ലെന്ന് ദക്ഷിണറെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. സർക്കാർ നൽകുന്ന പട്ടികയിൽനിന്നുള്ളവർക്കായിരിക്കും യാത്ര ചെയ്യാനാകുക.
കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകാൻ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിച്ചത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിലും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.