Site icon Ente Koratty

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തിനിടെ ലഭിച്ചത് 190 കോടി

ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തിനിടെ ലഭിച്ചത് 190 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാകും അത് അപ്‌ഡേറ്റ് ചെയ്യുന്നത്.

190 കോടിയിലധികം രൂപയാണ് മാര്‍ച്ച് 27 നുശേഷം കൊവിഡ് 19 ന് മാത്രമായി ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുള്ളത്. donation.cmdrf.kerala.gov.in എന്നതാണ് ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍ അറിയാനുമുള്ള വെബ്‌സൈറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മാര്‍ത്തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, 70,000 രൂപയുടെ അവശ്യ സാധനങ്ങള്‍ കോര്‍പറേഷന്റെ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും കൈമാറിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ ഹോമിയോപ്പതിക് ഫിസിഷ്യന്‍സ് സഹകരണ സംഘം കോഴിക്കോട് കോര്‍പറേഷനില്‍ നാല് ലക്ഷം രൂപയുടെ പ്രതിരോധ മരുന്ന് വിതരണം നടത്തുന്നുണ്ട്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന പെരിയ സ്വദേശി അസിസ്റ്റന്റ് കമാന്റന്റ് രഖില്‍ ഗംഗാധരന്റെ സ്മരണക്കായി സഹപാഠികള്‍ ചേര്‍ന്ന് 2,33,000 രൂപയുടെ സാധനങ്ങള്‍ കണ്ണൂര്‍, കാസര്‍ഗോഡ്് ജില്ലകളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version