കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷൻ ഇന്നാരംഭിക്കും. നോര്‍ക്കയുടെ വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിന് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
13,73,552 മലയാളികൾ ഇതര സംസ്ഥാനങ്ങളിലുണ്ടെന്നാണ് സംസ്ഥാന സർക്കാറിൻെറ കണക്ക്. ഇതിൽ ചികിത്സക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം, കൃഷിപ്പണി എന്നിവയ്ക്കായി പോയവർ, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന. തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ നോർക്ക ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും.
നോർക്കയുടെ www.registernorkaroots.com എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതില്‍ നിന്ന് തിരികെക്കൊണ്ടുവരേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കി ജില്ല കളക്ടര്‍മാര്‍ക്ക് കൈമാറും. കോവിഡ് 19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടൂ.
അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും. അമരവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ നാല് ചെക്ക്പോസ്റ്റുകള്‍ വഴി മാത്രമായിരിക്കും തിരികെ വരുന്നവരെ എത്തിക്കുക. സ്വകാര്യവാഹനങ്ങളും കേന്ദ്രം അനുവദിക്കുമെങ്കില്‍, അന്തര്‍സംസ്ഥാന ബസുകളും ഏര്‍പ്പെടുത്തും.
രോഗപ്പകര്‍ച്ച രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ഒറ്റയടിക്ക് തിരിച്ചെത്തുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി കൂടി ലഭ്യമാക്കേണ്ടി വരും .മറ്റു സംസ്ഥാനങ്ങളുമായി ഏകോപനം നടത്തുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.