Site icon Ente Koratty

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സ്റ്റേ

ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് ശമ്പളം നിരസിക്കൽ ആണ്. ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട്‌ ചെയ്യല്‍ എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹ‍ർജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അ‌ഞ്ച് മാസം പിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്നാണ് അ‌ഡ്വക്കറ്റ് ജനറൽ കോടതിയിൽ വാദിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം വേണം. ലോക്ക് ഡൌണിന് ശേഷം സര്‍ക്കാരിന് വരുമാനമില്ല. സൗജന്യ റേഷനും സമൂഹ അ‌ടുക്കളയും ​ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണെന്ന് അ‌ഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞു. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അ‌ഭിനന്ദനം അർഹിക്കുന്നുവെന്നും പക്ഷേ അ‌തിന്റെ പേരിൽ വ്യക്തികളുടെ അ‌വകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

Exit mobile version