Site icon Ente Koratty

കണ്ണൂരില്‍ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ പൊലീസുകാരുടെ ആപ്പില്‍ നിന്ന് ചോര്‍ന്നു

കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോരുന്നു. രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോർന്നത്. എസ്.പിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കോവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ററി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പൊലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്.

ഇക്കഴിഞ്ഞ 22 നാണ് ഈ ആപ്പ് പ്രവര്‍ത്തനക്ഷമമായത്. കണ്ണൂര്‍ പൊലീസിലെ സൈബര്‍ സെല്ലിലുള്ള വിദഗ്ധരാണ് ഈ ആപ്പിന് പിന്നില്‍. ഈ ആപ്പിലൂടെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കോവിഡ് രോഗ ബാധിതരുടെയും മൊത്തം വിശദാംശങ്ങളും പൊലീസുകാര്‍ക്ക് അനായാസം ലഭിക്കും. രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിക്കുക. ഈ ആപ്പ്, പാസ്‍വേര്‍ഡ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‍വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന. രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വാര്‍ത്തയായതിന് പിന്നാലെ ആപ്പ് നീക്കംചെയ്തതായാണ് റിപ്പോര്‍ട്ട്. ആപ്പ് നിര്‍മിച്ച സൈബര്‍ വിങിലെ പൊലീസുകാരന്‍ തന്നെയാണ് ഡിലീറ്റ് ചെയ്തത്.

കാസർകോട് ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ ചോർന്നതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തായത്. രോഗികളുടെ ഫോണിലേക്ക് നിരന്തരം വിളി എത്തിയതോടെയാണ് വിവരം ചോര്‍ന്നുവെന്ന് വ്യക്തമായത്. കാസര്‍കോട് കോവിഡ് ബാധിതരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡാറ്റ ബേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

ഇതേസമയം, രോഗിയുടെ വിവരങ്ങൾ കിട്ടാൻ ആപ്പൊന്നും വേണ്ടെന്നാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ പ്രതികരണം. വിവരങ്ങൾ പുറത്തുള്ളവർക്ക് കിട്ടിയതിൽ അത്ഭുതമില്ല. മുതലെടുപ്പിന് ശ്രമിക്കുന്നവരുണ്ടാകും. അതിന് അനുവദിക്കില്ല. എസ്.പിയുടെ ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version