കേരളം അടച്ച തമിഴ്നാട് അതിർത്തി യാത്രക്കാർ തുറന്നു. പാലക്കാട് ജില്ലയിലെ ചെമ്മണാമ്പതിക്കടുത്ത് ആലാമ്പാളയത്താണ് ഊടുവഴി തുറന്നത്. പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ യാത്രക്കാർ തന്നെയാണ് റോഡുകൾ തുറന്നത്.
തമിഴ്നാട്ടിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സമാന്തര പാതകൾ കേരള പൊലീസ് അടച്ചത്. പൊലീസിന്റെ പരിശോധന നടക്കാത്തതിനാൽ ചെമ്മാണാമ്പതി ആലാമ്പാളയത്തിലെ അടച്ച റോഡ് തുറന്നു. ഈ വഴി നിരവധി വാഹനങ്ങൾ കടന്നു പോകുന്നതായി പ്രദേശവാസികൾ പറയുന്നു.
തെങ്ങിൻ തോപ്പുകളിലൂടെയും വനത്തിനകത്ത് കൂടെയും ആളുകൾ എത്തുന്നത് ഇപ്പോഴും തുടരുന്നുണ്ട്. അതിർത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിനായി മന്ത്രിമാരായ എ.കെ ബാലൻ, കെ.കൃഷ്ണൻ കുട്ടി എന്നിവർ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ, എ.ഡി.എം, സബ് കലക്ടർ, തഹസിൽദാർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

