ഒരു വെയർ ഹൗസിലും മദ്യത്തിന്റെ വിൽപ്പനയുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമാണ് അബ്കാരി നിയമത്തിലെ ദേദഗതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര നിലപാടിന് അനുസരിച്ചായിരിക്കും സർക്കാരിന്റേയും നിലപാട്. കേരളത്തിൽ ലോക്ക് ഡൗൺ നിലനിൽക്കുകയാണെന്നും ഈ സാഹചര്യത്തിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആവശ്യക്കാർക്ക് വെയർഹൗസുകളിൽ നിന്ന് മദ്യം നൽകാമെന്ന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയെന്ന വാർത്ത പുറത്തുവരുന്നത് ഇന്നലെയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാമെന്ന തീരുമാനത്തെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ആവശ്യക്കാർക്ക് വെയർഹൗസിൽ നിന്ന് മദ്യം നൽകാമെന്ന വ്യവസ്ഥ അബ്കാരി ചട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇത് മറികടക്കാനാണ് നിലവിൽ ചട്ടത്തിൽ ഭേദഗതി വരുത്തിയത്.
എന്നാൽ അതിനിടയിൽ തന്നെ ഡോക്ടർമാരുടെ പക്ഷത്ത് നിന്ന് സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ഉയരുകയും വിഷയം ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. ഹൈക്കോടതി മദ്യ വിതരണമെന്ന സർക്കാർ തീരുമാനം സ്റ്റേ ചെയ്തു. പ്രതിസന്ധി മറികടക്കാനുള്ള സർക്കാരിന്റെ അന്നത്തെ തീരുമാനം ഇപ്പോൾ ഭേദഗതി ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് അനുസരിച്ച് ബിവറേജസ് ഗോഡൗണുകളിൽ നിന്ന് ആവശ്യക്കാർക്ക് മദ്യം നൽകാമെന്നാണ് വ്യവസ്ഥ.
അതേസമയം, അബ്കാരി നിയമഭേദഗതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. ഗോഡൗണുകൾ വഴി മദ്യം നൽകാൻ നിലവിൽ വകുപ്പില്ല. ഹൈക്കോടതിയിൽ സ്റ്റേ നിലനിൽക്കെ തന്നെയാണ് പുതിയ ഉത്തരവെന്നും ലോക്ക് ഡൗണ് ഉത്തരവുകൾക്ക് എതിരാണ് സർക്കാർ നടപടിയെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് ഉത്തരവെന്നും പത്ര സമ്മേളന നാടകം നടത്തുന്ന മുഖ്യമന്ത്രി അതിനുശേഷം ഉത്തരവിറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.