Site icon Ente Koratty

കുടകിൽ നിന്ന് ഒരാഴ്ചക്കിടെ കാട്ടിലൂടെ കണ്ണൂരിലെത്തിയത് 57 പേർ; അതിർത്തിയിൽ ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി

കാട്ടിലൂടെ അതിർത്തി കടന്ന് കണ്ണൂരിലേക്കെത്തുന്നവരുടെ എണ്ണം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കാട്ടിലൂടെയുള്ള അതിര്‍ത്തി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കണ്ണൂരിലെത്തിയത് 57 പേരാണ്. ഇവരെ ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററുകളിലായി പാർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന അതിർത്തികളിലെല്ലാം ഇത്തരത്തിൽ സംഭവിക്കാനിടയുണ്ടെന്നും ഇക്കാര്യത്തിൽ അതിര്‍ത്തി പങ്കിടുന്ന ജില്ലകൾ നല്ല ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിനൊപ്പം തന്നെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ സത്യവാങ്മൂലം കരുതണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍മാരും സഹായികളും അവരുടെ പേരുള്‍പ്പെടുന്ന സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കയ്യില്‍ കരുതാന്‍ വാഹന ഉടമകളോട് നിര്‍ദ്ദേശിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉന്നതതല ചർച്ചയിലുണ്ടായ തീരുമാനത്തെ തുടർന്ന് തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡി.ജി.പി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ചരക്ക് വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികളില്‍ പലപ്പോഴും ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടാവുക. ഈ പഴുത് മുതലെടുത്ത് രണ്ടാമത്തെ ഡ്രൈവറും സഹായിയുമെന്ന പേരില്‍ കേരളത്തിലേയ്ക്കും കേരളത്തില്‍ നിന്നും ആള്‍ക്കാരെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി അയല്‍സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

Exit mobile version