സര്‍ക്കാര്‍ ജീവനക്കാരുടെ മുപ്പത് ദിവസത്തെ ശമ്പളം പിടിക്കും. ആറ് ദിവസത്തെ ശമ്പള തുക വെച്ച് ഓരോ മാസവും പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം കൊണ്ടാണ് ഒരു മാസത്തെ ശമ്പളം പിടിക്കുക. മന്ത്രിമാരുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു. 30 ശതമാനമാണ് വെട്ടിക്കുറച്ചത്. എംഎല്‍എമാരുടെയും ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന്മാരുടെയും ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായി മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇത് തിരികെ നല്‍കും. പ്രളയകാലത്ത് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സാലറി ചലഞ്ചിന് ബദലാണ് ഈ തീരുമാനം.
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടണോ, അതോ ബദൽമാർഗം സ്വീകരിക്കണോയെന്ന കാര്യമാണ് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തത്. ക്ഷാമബത്ത മരവിപ്പിക്കുന്നത് പോലുളള ബദൽ രീതികളും ധനവകുപ്പ് ആലോചിച്ചിരുന്നു. സാലറി ചലഞ്ചിന് പകരം ശമ്പളത്തിന്റെ ഭാഗമായ ക്ഷാമബത്ത 5 മാസത്തേക്ക് മരവിപ്പിക്കുക, കുടിശിക ആയിരിക്കുന്ന 12 ശതമാനം ക്ഷാമബത്താ കുടിശിക നൽകാതിരിക്കുക എന്നിവയാണ് ധനവകുപ്പ് കാണുന്ന ബദൽ നിർദ്ദേശങ്ങൾ.
പ്രളയകാലത്തേതിനു സമാനമായി സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു മാറ്റി, കോവിഡ് 19 മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഒരുപരിധിവരെ മറികടക്കാമെന്നായിരുന്നു സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശത്തെ ധനവകുപ്പും ഭരണപക്ഷ സർവീസ് സംഘടനകളും അംഗീകരിച്ചു. പ്രതിപക്ഷ സംഘടനകൾ എതിർപ്പറിയിച്ചതോടെ പണം എങ്ങനെ പിടിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തിലും അവ്യക്തതയായി.
അടുത്ത മാസത്തെ ശമ്പളബില്ലുകൾ തയാറാക്കേണ്ട അവസാന ആഴ്ചയാണിത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായത്.