Site icon Ente Koratty

‘പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താസമ്മേളനങ്ങൾ ഉപയോഗിച്ചിട്ടില്ല’; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താസമ്മേളനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കോവിഡ് 19 വാർത്താസമ്മേളനങ്ങളെ പരിഹസിച്ചവർക്കും ട്രോളിയവർക്കും അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി സംസാരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത അന്നുമുതൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ഓരോന്നായി മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് 19 പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പിണറായി എടുത്തുപറഞ്ഞു.

ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും, ഏറ്റവും ഉയർന്ന രോഗമുക്തിനിരക്കും സാധ്യമായത് കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കേരളം അഭിനന്ദിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മാധ്യമങ്ങൾ കേരളത്തെ പ്രശംസിച്ചതും രാഹുൽഗാന്ധി അഭിനന്ദിച്ചതുമൊക്കെ പിണറായി ചൂണ്ടിക്കാട്ടി. ഏതു പ്രതിസന്ധിയും മറികടക്കാൻ നമുക്ക് മറ്റൊന്നും തടസമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോളതലത്തിൽ കോവിഡ് 19 മരണനിരക്ക് 5.8 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.8 ശതമാനമാണ്. എന്നാൽ കേരളത്തിലേത് .56 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇപ്പോൾ 38 കോവിഡ് സ്പെഷ്യൽ ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ 800 വെന്‍റിലേറ്ററുകളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 81904 കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 6059 എണ്ണം ഐസിയുവിലാണ്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറച്ചു. പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം. ഇപ്പോൾ ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വകയുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്. കേരളം നടത്തിയത് പഴുതടച്ചുള്ള ഇടപെടലെന്ന് പിണറായി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് ആറുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലാണ് ആറു പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേർ വിദേശത്ത് നിന്നു വന്നതും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് അസുഖം ബാധിച്ചത്.21 കേസുകളാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതിൽ, 19 പേർ കാസർകോടും രണ്ടുപേർ ആലപ്പുഴയിലുമാണ്. സംസ്ഥാനത്ത് ഇതുവരെ 408 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 114 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ 46323 പേരാണ് കഴിയുന്നത്.

ഇതുവരെ 19756 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 19074 കേസുകൾ നെഗറ്റീവാണ്. ആശുപത്രിയിൽ ക്വാറന്റൈനിൽ ഉള്ള എല്ലാവരെയും പരിശോധിക്കുമെന്നും പ്രവർത്തനത്തിന്റെ പൊങ്ങച്ചം എടുത്ത് പറയാൻ വാർത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി.

Exit mobile version