കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇളവുകൾ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ഭാഗികമായ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. റെഡ് സോണിൽപ്പെട്ട ജില്ലകളിൽ മെയ് 3ന് ശേഷമേ ഇളവുകളുണ്ടാവൂ. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനമാണ് നടക്കുക. ഈ ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതലാണ് പ്രാബല്യത്തിലാകുക.
ലോക്ക്ഡൌണില്‍ ഇളവ് പ്രാബല്യത്തിലാകുമ്പോള്‍ ജനങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍
ഭാഗികമായ ഇളവ് പ്രഖ്യാപിച്ച ജില്ലകളില്‍ യാത്ര സാധ്യമാണോ?
- ഭാഗികമായ ഇളവ് പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാമെങ്കിലും ചില നിയന്ത്രണങ്ങളുണ്ട്.
- ജില്ലകള്‍ക്കുള്ളിലെ ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൌണ്‍ തുടരുമെന്നതിനാല്‍ അത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും.
- നിരത്തിലിറങ്ങുന്ന വാഹനങ്ങളെ അവയുടെ നമ്പര്‍ അടിസ്ഥാനമാക്കി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം, ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൂജ്യം, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ഞായര്‍ ദിവസങ്ങളിലും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
- അടിയന്തര സേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഈ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. ഇതിന് നമ്പർ വ്യവസ്ഥ ബാധകമല്ല.
- മണ്‍സൂണിന് മുമ്പുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
- ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് പ്രഭാത, സായാഹ്ന നടത്തം അനുവദിക്കും. വീടിനടുത്തു തന്നെയായിരിക്കണം നടക്കുന്നത്. സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല.
- പൊതുസ്ഥലത്ത് എല്ലാവരും മുഖാവരണം നിർബന്ധമായും ധരിക്കണം.
ബസ്സ്, ഓട്ടോ, ടാക്സി ഓടുമോ?
- ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല.
- ജില്ലാ കലക്ടർ ഏറ്റെടുക്കുന്ന ബസുകളും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലെ പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങൾക്കും മാത്രം നിയന്ത്രണങ്ങളോടെ അനുമതി.
അതിർത്തി കടന്നുള്ള യാത്ര
- മെഡിക്കൽ ആവശ്യങ്ങൾക്കും സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുളള കാര്യങ്ങൾക്കും മാത്രമേ ജില്ല, സംസ്ഥാന അതിർത്തികൾ കടക്കാവൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
- ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും അയൽ ജില്ലായാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയിൽനിന്ന് ജോലിചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം.
- ജോലിക്കു പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കരുതണം.
- മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതി നൽകും.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ
- മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്കു കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ല.
- ഗർഭിണികൾ, ചികിത്സയ്ക്കെത്തുന്നവർ, ബന്ധുക്കളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും.
കടകളും കച്ചവടസ്ഥാപനങ്ങളും തുറക്കുമോ?
- നേരത്തേയുള്ള ഇളവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ.
- ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച മേഖലകളിലെ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ഡൗൺ കാലത്തേതുപോലെയായിരിക്കും.
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല.
- ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്.
- ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.
ഈ ദിവസങ്ങളില്‍ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താമോ?
- ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്.
- വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര് പങ്കെടുക്കാന്‍ അനുവദിക്കില്ല
- ആരാധനാകേന്ദ്രങ്ങളും തുറക്കില്ല.
കോടതികൾ തുറക്കുമോ?
- ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള ജില്ലകളുടെ കോടതികളുടെ പ്രവർത്തനം ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ഇതിൽപ്പെടും.
- എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.
- കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും.