തിരുവനന്തപുരം: പ്രവാസികളെ സാധ്യമാകുന്ന ഏറ്റവും അടുത്ത നാളുകളിൽ തന്നെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന മറുപടി കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ന്യൂസ് 18 കേരളം ചാനലിൽ പ്രവാസികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാസികളുടെ വിഷയം നിരവധി തവണ വിദേശകാര്യമന്ത്രിയുടെയും സഹമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിയാവുന്നതിൽ നേരത്തെ തന്നെ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളുണ്ടാകുമെന്നാണ് കേന്ദ്രത്തിൽനിന്ന് അറിയിപ്പ് ലഭിച്ചത്. വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. രോഗവ്യാപനം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും പ്രവാസികളെ തിരികെകൊണ്ടുവരികയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവാസികളുടെ കാര്യത്തിൽ സർക്കാരുകളുടെ ഇപ്പോഴുള്ള ഇടപെടൽ അപര്യാപ്തമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലേബർ ക്യാംപുകളിൽ കഴിയുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിനും, അവർക്ക് വൈദ്യസഹായം എത്തിക്കുന്നതിലും വേണ്ട ഇടപെടൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ഉണ്ടായില്ല. എന്നാൽ സന്നദ്ധസംഘടനകളുടെ ഇടപെടൽ ഏറെ ആശ്വാസം ദുബായ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നൽകിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് സഗൌരവം ആദ്യ ദിവസം മുതൽ തന്നെ ഇടപെടൽ ഉണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.