തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് പ്രത്യേക സ്വർണപണയ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരള ബാങ്കിലെ 779 ശാഖകളിലാണ് പ്രത്യേക സ്വർണപണയ വായ്പ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3 ശതമാനം പലിശയ്ക്ക് 50,000 രൂപ വായ്പയായി നൽകുക. പ്രോസസിംഗ് ഫീസ് ഈടാക്കാതെയാണ് പലിശ നൽകുന്നത്. നാലുമാസ കാലയളവിലാണ് വായ്പ നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് 19 പ്രതിരോധത്തിന് സംസ്ഥാനത്തിന് അബ്ദുൾ വഹാബ് എംപി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീം ഒരു ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുളിക നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഓല മേഞ്ഞ വീടുകളിലും, ഓട് ഇട്ട വീടുകളിലും അറ്റകുറ്റ പണിയ്ക്ക് അനുമതി നൽകും. കിണറുകൾ വൃത്തിയാക്കാൻ അനുമതിയുണ്ടാകും. സംഭരിച്ച കശുവണ്ടി കൊല്ലത്ത് എത്തിക്കും. അംഗൻവാടി ഭക്ഷണം മെയ് 15 വരെ വീടുകളിൽ എത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.