Site icon Ente Koratty

കേരള പൊലീസിന് പറക്കാൻ ഹെലികോപ്റ്റർ എത്തി; ഒരു വർഷത്തെ വാടക 18 കോടിയോളം രൂപ

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഹെലികോപ്ടർ സ്വന്തമാക്കി കേരള പൊലിസ്. വാടകക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. പ്രതിമാസം ഒരു കോടി നൽപ്പത്തിനാല് ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.

11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ഡൽഹിയിലെ പവൻ ഹൻസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. പൈലറ്റടക്കം മൂന്ന് ജീവനക്കാരാണുള്ളത്. പൊലീസിനും സർക്കാരിനും ഉപയോഗിക്കാനാവുന്ന തരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിക്കും.

മാവോയിസ്റ്റ് നിരീക്ഷണം മുഖ്യ അവശ്യമായി പറഞ്ഞും പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിലെ ഉപയോഗത്തിനെന്ന പേരിലുമാണ് ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അടങ്ങുന്ന സമിതിയാണ് പൊതുമേഖല സ്ഥാപനമായ പവൻ ഹൻസിനെ തിരഞ്ഞെടുത്തത്. ഒരു മാസം ഇരുപത് മണിക്കൂർ പറത്താൻ ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയാണ് വാടക.

ഇത് അമിത തുകയെന്നും ധൂർത്തെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ കോവിഡ് പ്രതിസന്ധിക്കിടെ ഒന്നരക്കോടി മുൻകൂർ തുക നൽകി സർക്കാർ കരാർ ഉറപ്പിക്കുകയായിരുന്നു.

Exit mobile version