Site icon Ente Koratty

‘ഗംഭീരം, കാക്കിയണിഞ്ഞ ആളാണ് പാട്ടുപാടുന്നതെന്നത് കൂടുതൽ സന്തോഷം നൽകുന്നു’;- കേരള പോലീസിനെ അഭിനന്ദിച്ച് കമൽ ഹാസൻ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരില്‍ കേരളം ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ കൊച്ചുകേരളത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മാത്രമല്ല, പൊലീസിന്റെയും പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

ലോക് ഡൌണ് കാലത്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സേവനപ്രവര്‍ത്തനത്തിലും കേരള പൊലീസ് ഒരു പടി മുന്നിലാണ്. കേരള പൊലീസിനെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.കൊവിഡ് പ്രവർത്തനങ്ങളെ കുറിച്ച് കൊച്ചി സിറ്റി പോലീസ് ഒരുക്കിയ നിർഭയം എന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് കമല്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

ഡി ജി പി ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരുന്നു നിർഭയം എന്ന വീഡിയോ പോലീസ് സേന ഒരുക്കിയത്. .എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്ന ഗാനം പാടിയിരിക്കുന്നത് സി.ഐ അനന്തലാലും സംഘവുമാണ്.നിപ്പയെയും പ്രളയത്തെയും കേരളം അതിജീവിച്ച പോലെ കോവിഡ് 19 നെയും അതിജീവിക്കുമെന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പൊലീസ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ഗാനം മമ്മൂട്ടിയുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.

‘ഗംഭീരം, കാക്കിയണിഞ്ഞ ആളാണ് പാട്ടുപാടുന്നതെന്നത് കൂടുതൽ സന്തോഷം നൽകുന്നത്..ഇത്തരം ആശയങ്ങൾ മുന്നോട്ട് വെച്ച പോലീസ് സേനയിലെ ഉന്നതരെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്’. കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

കമൽഹാസന് നന്ദി അറിയിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ താരത്തിന് കത്തയച്ചു. ഈ കത്ത് മക്കൾ നീതി മയ്യത്തിന്റെ ഔദ്യോഗിക പേജിൽ കമൽ ഹാസൻ പങ്കുവെച്ചിട്ടുണ്ട്.

https://youtu.be/2uptIBGuQ5s
Exit mobile version