പത്തനംതിട്ട: കോന്നി തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ നിർദേശം ലംഘിച്ചതിനെതിരെയാണ് കേസ്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻമേലാണ് കേസെടുത്തത്. വീടാക്രമിച്ച കേസിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയതിനെതിരെ പെൺകുട്ടി നിരാഹാരം അനുഷ്ഠിച്ചുവരികയായിരുന്നു. അതിനിടെയാണ് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ച് കേസെടുത്തത്.
കോയമ്പത്തൂരിൽ പഠിക്കുന്ന വിദ്യാർഥിനി ലോക്ക് ഡൌണിന് മുമ്പ് വീട്ടിലെത്തിയതുമുതൽ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പ്രചാരണം വാട്സാപ്പ് ഗ്രൂപ്പുകളിലുണ്ടായി. പെൺകുട്ടിയുടെ പിതാവിനെതിരെ വധഭീഷണിയുമുണ്ടായിരുന്നു. ഇതിനെതിരെ പെൺകുട്ടിയും കുടുംബവും ഏപ്രിൽ ഏഴിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തൊട്ടുപിന്നാലെ രാത്രി എട്ടുമണിയോടെയാണ് പെൺകുട്ടിയുടെ വീട് ആക്രമിക്കപ്പെട്ടത്.
പ്രതിദിന വാർത്തസമ്മേളനത്തിനിടെ ഗൌരവമായാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും കുറ്റവാളികൾക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാർ ഏത് പാർട്ടിയാണെന്നത് പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
അതിന് പിന്നാലെയാണ് സംഭവത്തിൽ ആറ് സിപിഎം അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതേത്തുടർന്ന് ശക്തമായ നടപടികളുമായി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി. പെൺകുട്ടിയുടെ വീടിനുനേരെ ഉണ്ടായ കല്ലേറും ആക്രമണവും അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കിയത്.സംഭവത്തിൽ ഉൾപ്പെട്ട സിപിഎം അംഗങ്ങളായ ആറുപേരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഏപ്രിൽ ഒമ്പതിന് പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കി. പാർട്ടി അംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൻ എന്നിവരെയാണ് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അറിയിച്ചു.
എന്നാൽ പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് പെൺകുട്ടി രംഗത്തെത്തുകയായിരുന്നു. അതിനിടെയാണ് ക്വാറന്റൈൻ ലംഘിച്ചുവെന്ന കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.