യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ഹരജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തിയാൽ അത് കൈകാര്യം ചെയ്യാൻ സർക്കാരിന് സാധിക്കുമോയെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മുസ്‍ലിം ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയാണ് ഹരജി നല്‍കിയത്.
യു.എ.ഇയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കൻ നടപടി ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സിയാണ് കോടതിയെ സമീപിച്ചത്. പ്രവാസികളെ കൊണ്ടുവന്നാൽ അവരെ താമസിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തത വേണം. കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണ്. അത് ലോകം അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രവാസികൾ കൂട്ടത്തോടെ വന്നാൽ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്നത് സംബസിച്ച് കേന്ദ്ര സർക്കാറിന്‍റെ നിലപാട് കൂടി അറിയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കൂട്ടത്തോടെ പ്രവാസികളെത്തുമ്പോൾ ക്രമസമാധാന പ്രശ്നം വരെ ഉണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ കണക്കറിയാൻ കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഗൾഫിൽ എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നറിയാൻ ഇത് ആവശ്യമാണ്. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം. നോഡൽ ഓഫീസറെ നിയമിച്ചെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു.