Site icon Ente Koratty

‘തബ്‌ലീഗ് പ്രവർത്തകർക്ക് കോവിഡ്’ വ്യാജപ്രചാരണം: വാട്സാപ്പ് അഡ്മിൻമാരടക്കം പത്തുപേർ പിടിയിൽ

കോട്ടയം: തെക്കുംഗോപുരത്ത് നിസാമുദ്ദീൻ തബ്ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറസ്റ്റിൽ. പത്തുപേരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തു.

വേളൂർ മാണിക്കുന്നം ചെമ്പോട് വീട്ടിൽ ഹരീഷ് ബാബു മകൻ സി എച്ച് ജിതിനാണ്  (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ‘മാതൃശാഖ’ എന്ന വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ‘തബ്ലീഗ് കോവിഡ് കോട്ടയത്തും… തേക്കുംഗോപുരം കമ്മ്യൂണിസ്റ്റ് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിനു എതിർ വശം ഉള്ള പള്ളിയിൽ നിന്നും ഒളിച്ചു താമസിച്ച 7 പേരെ പിടികൂടി .. ഫയർ ഫോഴ്സ് എത്തി അണു നശീകരണം നടത്തുന്നു.. – എന്ന തലക്കെട്ട് സഹിതം പ്രചരിപ്പിക്കുകയായിരുന്നു.

ഈ ഗ്രൂപ്പിൽ നിന്നും വീഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ലാന്മൂട്ടിൽ ജോസഫ് ജോർജ് (26) , കല്ലുപുരയ്ക്കൽ അറുവക്കണ്ടത്തിൽ സുനിൽ ബാബു (42) , മാണിക്കുന്നം പഞ്ഞിപ്പറമ്പിൽ   ജയൻ (42), വേളൂർ കല്ലുപുരയ്ക്കൽ വലിയ മുപ്പതിൽ ചിറ നിഖിൽ (35), തിരുവാതുക്കൽ വെളിയത്ത് അജോഷ് (36) , വേളൂർ പാണംപടി അശ്വതി ഭവൻ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23) , പുന്നയ്ക്കൽ മറ്റം ജിജോപ്പൻ (35) , തെക്കും ഗോപുരം സാഗരയിൽ ശ്രീജിത്ത് (23) എന്നിവരെയാണ് വെസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.  തെക്കുംഗോപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെ പള്ളിയ്ക്കു മുന്നിൽ അഗ്നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ പ്രചാരണത്തിനെതിരെ തെക്കും ഗോപുരം അൽ അറാഫാ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മുസ്തഫ  ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് പരാതി നൽകിയിരുന്നു.

പരാതി അന്വേഷിക്കുന്നതിനായി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ , എസ് ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെക്കും ഗോപുരം പള്ളിയ്ക്ക് സമീപത്തെ ടയർ കടയിലെ അതിഥി തൊഴിലാളിയാണ് വീഡിയോ പകർത്തിയത് എന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വീഡിയോ കടയുടമയ്ക്ക് അയച്ച് നൽകിയതായി കണ്ടെത്തിയത്.തുടർന്ന്, ഇയാളെ ചോദ്യം ചെയ്തതോടെ ഇയാളുടെ മകൻ ജിതിന് വീഡിയോ അയച്ചതായി കണ്ടെത്തി. ജിതിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് ഇയാളാണ് വാർത്ത എഴുതി അയച്ചത് എന്ന് ഉറപ്പിച്ചത്.  ജിതിനാണ് പാണംപടി കേന്ദ്രീകരിച്ചുള്ള മാതൃ ശാഖ എന്ന ഗ്രൂപ്പിൽ ആദ്യമായി വീഡിയോ ഷെയർ ചെയ്തത്. പിന്നാലെ, സ്ത്രീകൾ അടക്കമുള്ള പാണംപടി എഡിഎസ് ഗ്രൂപ്പിലും, ഇവിടെ നിന്ന്  ഇല്ലം ഗ്രൂപ്പ് ,മണിപ്പുഴ ഗ്രൂപ്പ് , ഓൾ കോട്ടയം ഗ്രൂപ്പ് എന്നിവിടങ്ങളിലും വാർത്ത ഷെയർ ചെയ്തു. ഇതോടെ നൂറ് കണക്കിനു പേരാണ് വാർത്ത ഷെയർ ചെയ്തത്.

വാർത്തയും വീഡിയോയും ഷെയർ ചെയ്ത സ്ത്രീകൾ അടക്കമുള്ളവർ നിരീക്ഷണത്തിലാണ്. ഇരുപത്തിയഞ്ചോളം ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.

Exit mobile version