ചരിത്ര പ്രസിദ്ധമായ തൃശൂർപൂരം ഇത്തവണ ചടങ്ങു മാത്രമാകും. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണിത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കഴിഞ്ഞ 58 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ഇതിനു മുമ്പ് 1962 ൽ ലെ ഇൻഡോ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിനാളുകൾ വന്നുചേരുന്ന മേടമാസത്തിലെ പൂരമാണ് പ്രധാന ആഘോഷം.
പാറമേക്കാവ്, തിരുവമ്പാടി ദേവതമാർ വടക്കുംനാഥനു മുന്നിൽ വരുന്ന തൃശൂർ പൂരം ഇത്തവണ മേയ് 3നാണ്. എന്നാൽ കോവിഡ് ഭീതിയും രാജ്യവ്യാപകമായി ലോക്ക്ഡൗണും ആയതിനാൽ വാർഷികോത്സവം ഒരു ചടങ്ങു മാത്രം നടത്താൻ ദേവസ്വങ്ങൾ ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് ആരംഭിച്ച ഉത്സവത്തിനുള്ള തയാറെടുപ്പ് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണംനിർത്തിവച്ചു. ഏപ്രിൽ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീളുന്ന പൂരം പ്രദർശനം റദ്ദാക്കിയിരുന്നു. വടക്കുംനാഥക്ഷേത്രത്തിന് സമീപം തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പ്രദർശനം ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നാണ്.
തലയെടുപ്പുള്ള ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ മുത്തുക്കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള ക്കെട്ട് പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകൾ.