Site icon Ente Koratty

പ്രമുഖ ന‍ടൻ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്. നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് ചാന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ചു. പ്രഭാവതിയാണ് ഭാര്യ. കോഴിക്കോട് ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിൽ ഓട്ടോ മൊബൈൽ എൻജിനീറിങ്ങിനു ഡിപ്ലോമ നേടിയിട്ടുണ്ട്.

Exit mobile version