കോഴിക്കോട്- ഇന്ത്യയിൽ കൊറോണ വ്യാപനത്തിനിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒളിച്ചോടിയ കമിതാക്കള്‍ക്ക് എതിരെ പോലിസ് കേസെടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ചതിനാണ് ഇരുവര്‍ക്കും എതിരെ താമരശേരി പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന് കാണിച്ച് താമരശേരി പോലിസില്‍ ചമല്‍ സ്വദേശി പരാതി നല്‍കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും പുറത്തു ഇറങ്ങാൻ പറ്റാത്ത വീട്ടില്‍ തുടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതായതില്‍ നാട്ടുകാരും ആശങ്കയിലായി, പരിസരത്തൊക്കെ അനേഷിച്ചതിനു ശേഷമാണു പിതാവ് പോലീസിൽ പരാതിപ്പെട്ടത്.
എന്നാല്‍ പോലിസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി ഏകരൂല്‍ സ്വദേശിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. പിതാവ് മകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. എന്നാല്‍ പെണ്‍കുട്ടി കാമുകനൊപ്പം തന്നെ പോകണമെന്ന് വാശിപ്പിടിച്ചതോടെ മജിസ്ട്രേറ്റ് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയച്ചു. അതേസമയം കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇരുവര്‍ക്കും എതിരെ താമരശേരി പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തു. വരുംദിവസങ്ങളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും പോലിസ് അറിയിച്ചു.