തിരുവനന്തപുരം: കൊറോണ ബാധിച്ച് പോത്തൻകോട് ഒരാൾ മരിച്ചതിനെ തുടർന്നു പ്രദേശത്ത് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾക്ക് ഇളവ്. പോത്തൻകോട് കോവിഡ്-19 സമൂഹവ്യാപനമില്ലെന്നും അധികൃതർ അറിയിച്ചു.
പോത്തൻകോട് വാവറയമ്പലം സ്വദേശി മഞ്ഞുമല സ്വദേശി അബ്ദുൾ അസീസ് മരിച്ചതിനെ തുടർന്ന് പോത്തൻകോട് പഞ്ചായത്തിലും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുമാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കി.
പോത്തൻകോട് പഞ്ചായത്ത്, അണ്ടൂര്‍കോണം പഞ്ചായത്തിലെ പോത്തൻകോടുമായി ബന്ധപ്പെടുന്ന പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്പ്പറേഷൻ ഡിവിഷനിലെ അരിയോട്ടുകോണം തുടങ്ങിയ പ്രദേശങ്ങളാണ് മൂന്നു ദിവസമായി പൂർണമായി അടച്ചിട്ടത്. പോത്തൻകോട് പ്രദേശത്തെ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശിച്ചിരുന്നു.