പാല്‍ സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. തമിഴ്നാടുമായി മന്ത്രി തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുടരും. വേഗത്തില്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. മില്‍മ സംഭരിക്കുന്ന പാല്‍ തമിഴ്നാട്, സ്വീകരിക്കാതെ മടക്കിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വില്‍പന കുറഞ്ഞതോടെ പാല്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പൊടിയാക്കാനായിരുന്നു മില്‍മയുടെ തീരുമാനം. എന്നാല്‍ കോവിഡ‍് 19 പേര് പറഞ്ഞ് കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് പെട്ടെന്ന് തമിഴ്നാട് നിര്‍ത്തി. ഇതോടെ മില്‍മയുടെ മലബാര്‍, എറണാകുളം യൂണിയനുകള്‍ പ്രതിസന്ധിയിലായി. മലബാര്‍ യൂണിയന്‍ ഇന്ന് കര്‍ഷകരില്‍ നിന്ന് പാല്‍ എടുത്തില്ല. നാളെ മുതല്‍ സാധാരണ സംഭരിക്കുന്നതിന്റെ പകുതി മാത്രമേ കര്‍ഷകരില്‍ നിന്ന് സംഭരിക്കൂ. ഇതോടെ പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയിലേക്ക് കര്‍ഷകരും എത്തി. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ സജീവമാക്കിയത്.
കേരളത്തിലേയും തമിഴ്നാട്ടിലേയും വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആശയവിനിമയം തുടങ്ങി. ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിസന്ധി വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ക്ഷീര കര്‍ഷകരും കനത്ത നഷ്ടം സഹിക്കേണ്ടി വരും. മില്‍മയ്ക്കും പാല്‍ സംഭരണത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.