സൗജന്യ റേഷൻ വിതരണത്തിൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാനൂർ മേഖലയിൽ അട്ടിമറിക്കപ്പെടുന്നുവെന്ന് പരാതി. റേഷൻ ആരംഭിച്ചിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ പരാതി ഉയർന്നതോടെ വിതരണം താളം തെറ്റിയ നിലയിലായെന്നാണ് ആരോപണം. റേഷൻ കാർഡിലെ 0, 1 എന്നീ നമ്പർ അവസാനം വരുന്ന കാർഡുകളിലാണ് ഇന്നു വിതരണം ഉണ്ടാകുമെന്ന് പറഞ്ഞത്. അതിനു പുറമെ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് എത്തരുതെന്നും, വാർഡ് ജാഗ്രത സമിതി, കുടുംബശ്രീ അംഗങ്ങൾ കാർഡുകൾ ശേഖരിച്ച് വന്നാൽ അരി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് പലയിടങ്ങളിലും വിതരണം നടക്കുന്നത്. രാവിലെ 9 മുതൽ 1 മണി വരെ ബിപിഎൽ കാർഡ് ഉടമകൾക്കാണ് അരി ലഭിക്കേണ്ടത്. രണ്ടു മുതൽ വൈകുന്നേരം ആറു മണി വരെ എപിഎൽ ഉടമകൾക്കും. എന്നാൽ രണ്ടു വിഭാഗങ്ങൾക്കും ഒരുമിച്ച് അരി നൽകുകയാണ് പല റേഷൻ ഉടമകളും.
ഇതിനു പുറമെ മുൻഗണനാക്രമം അനുസരിച്ചുള്ള നമ്പർ മറികടന്നും അരി നൽകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ തിരക്കു നിയന്ത്രിക്കാൻ ടോക്കൺ സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്തി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാടെ അവഗണിച്ച് തോന്നും പടി കാര്യങ്ങൾ നടത്തുകയാണ് റേഷൻ ഉടമകൾ ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയും ഇതിനു പിന്നിലുണ്ടെന്ന് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.