Site icon Ente Koratty

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചു; CITU നേതാവിനെതിരെ കേസ്

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് CITU നേതാവിനെതിരെ കേസ് എടുത്തു. CITU അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ലോക്ക് ഡൌൺ ലംഘിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പട്ടാമ്പിയിലും സംഘടിക്കാൻ നീക്കമുണ്ടായത്.

ഐ.പി.സി 109,188,269, 270,153 വകുപ്പുകൾ പ്രകാരമാണ് പട്ടാമ്പി പൊലീസ് സക്കീറിനെതിരെ കേസെടുത്തത്. തൊഴിലാളികളെ താമസ സ്ഥലത്ത് നിന്നും ഇറക്കി വിട്ടതിന് മറ്റ് ആറു പേർക്കെതിരെയും പട്ടാമ്പി പൊലീസ് കേസെടുത്തു.

നാന്നൂറിലധികം അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ സക്കീർ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ പ്രതിഷേധം പൊലീസ് എത്തി തുടക്കത്തിലെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സക്കീർ ഇവരെ സംഘടിപ്പിക്കാൻ ശ്രമിച്ചതായി വ്യക്തമായത്. കൂടുതൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയിക്കാൻ സംസ്ഥാനതല കെയർ സെന്‍ററും തുടങ്ങിയിട്ടുണ്ട്.

Exit mobile version