Site icon Ente Koratty

മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം

ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യാൻ സർക്കാർ നിർദേശങ്ങൾ പുറത്തിറങ്ങി. ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ മദ്യം ലഭിക്കും. ഡോക്ടർ നൽകുന്ന രേഖയ്ക്കൊപ്പം തിരിച്ചറിയൽ രേഖകൾ നൽകണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകില്ല. മദ്യവിതരണത്തിനായി ബവ്റിജസ് ഷോപ്പുകൾ തുറക്കില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യുന്നത് അശാസ്ത്രീയമാണെന്ന ഡോക്ടർമാരുടെ സംഘടനകളുടെ വാദം തള്ളിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. അബ്കാരി ചട്ടങ്ങൾ പ്രകാരം അനുവദനീയമായ മദ്യം നൽകാമെന്നാണ് ഉത്തരവിലുള്ളത്. അബ്കാരി ചട്ടമനുസരിച്ച് ഒരാൾക്ക് കൈവശം വയ്ക്കാവുന്നത് 3 ലീറ്ററാണ്. മദ്യം വാങ്ങുന്നയാൾ ഇതു വിൽപ്പന നടത്തുന്നതടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന് ഉത്തരവിൽ നിർദേശമില്ല. ബവ്റിജസ് ഷോപ്പുകൾ തുറക്കരുതെന്ന് ഉത്തരവിലുണ്ടെങ്കിലും എവിടെനിന്ന് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നില്ല.

ഉത്തരവിലെ നിർദേശങ്ങൾ:
ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി–എഫ്എച്ച്സി, ബ്ലോക്ക് പിഎച്ച്സി–സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ആൽക്കഹോൾ വിത്‍ഡ്രോവൽ ലക്ഷണങ്ങളുള്ളവർ ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.

പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൾക്കഹോൾ വിത്‍ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ അയാൾക്ക് നിശ്ചിത അളവിൽ മദ്യം നൽകാം.

ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്–സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം.

ഈ രേഖയോടൊപ്പം ആധാർ, ഇലക്‌ഷൻ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം.

ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്.

പാസിന്റെ വിവരം ബവ്റിജസ് കോർപ്പറേഷൻ എംഡിയെ അറിയിക്കണം.

മദ്യം നൽകുന്നതിന് ബവ്റിജസ് കോർപ്പറേഷൻ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്റിജസ് ഔട്ട് ലെറ്റുകൾ തുറക്കരുത്.

പാസിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം.

എക്സൈസ് ഐടി സെൽ വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

Exit mobile version