ബഹു.മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിൽ ഇന്നലെ വൈകിട്ടാണ് കാസർകോട്ടെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.
പിന്നെയെല്ലാം വൈദ്യുത വേഗത്തിൽത്തന്നെയായിരുന്നു. ഇവിടേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിലേക്കായി KSEB യുടെ CMD ശ്രീ. N .S.പിള്ള യുടെ നിർദ്ദേശപ്രകാരം 160 KVA ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഒരൊറ്റപ്പകൽ കൊണ്ട് പുതിയ 11 കെ വി ഡബിൾ പോൾ സ്ട്രക്ചർ ഉണ്ടാക്കി, അതിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. അങ്ങനെ കോവിഡ് സെന്റർ ആക്കുന്നതിനുള്ള സർക്കാർ തീരുമാനം വന്നു 24 മണിക്കൂറിനകം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ കെ എസ് ഇ ബി വൈദ്യുതിയെത്തിച്ചു.
ഉത്തര മലബാർ ചീഫ് എഞ്ചിനീയർ ശ്രീ.ആർ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കാസർകോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ.പി.സുരേന്ദ്ര, ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.പി.ജയകൃഷ്ണൻ, പെർള ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.അശോകൻ എന്നിവർ സ്ഥലത്ത് മേൽനോട്ടം വഹിച്ചു.