വർക്കല: വിദേശത്തു നിന്ന് നാട്ടിലെത്തി കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. വർക്കല പുന്നവിള വീട്ടിൽ സുബിൻ-ശിൽപ ദമ്പതികളുടെ മകൾ അനശ്വര (പത്ത് മാസം) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദാരുണസംഭവം. അമ്മയായ ശിൽപ കുഞ്ഞുനെയുമെടുത്ത് കിണറ്റിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
കൈവരിയും ഗ്രില്ലുമുള്ള കിണറിന്റെ ഗ്രില്ലിനിടയിലൂടെയാണ് കുട്ടി വീണത്. ഏതാണ്ട് 100 അടിയോളം താഴ്ചയുള്ള കിണറില്‍ 15അടിയോളം വെള്ളമുണ്ടായിരുന്നു. ഫയർഫോഴ്സെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛൻ സുബിൻ വിദേശത്താണ്. ഒരു സഹോദരിയുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 11നാണ് ശിൽപ മക്കളുമൊത്ത് ദുബായിൽ നിന്നെത്തിയത്. കോവിഡ്19ന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ തുടരവെയാണ് കുഞ്ഞിന്റെ അപകടം.