കോവിഡ് 19 ബാധിച്ച് സംസ്ഥാനത്തെ പച്ചക്കറി വിപണിയും. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇന്ന് പാലക്കാട് എത്തിയത് മൂന്ന് ലോഡ് പച്ചക്കറി മാത്രമാണ്. വിലയും കുതിച്ചു കയറുകയാണ്.
കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. ഇന്നലെ 95 രൂപയായിരുന്നു ചെറിയ ഉള്ളിയുടെ വില. ഒരു കിലോ തക്കാളിക്ക് വില 40 രൂപയായി. 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയായി വർദ്ധിച്ചിട്ടുണ്ട്. കാരറ്റ്, ബീൻസ് എന്നിവയ്ക്കും പത്ത് രൂപ വീതം ഇന്നലെ കൂടിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. 21 ദിവസം എല്ലാവരും വീട്ടിലാണ്. അച്ഛനും അമ്മയും മക്കളും ചേർന്ന് പച്ചക്കറി തോട്ടം ഒരുക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വീട്ടിൽ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം നട്ടുപിടിക്കാവുന്നതാണ്.