Site icon Ente Koratty

കോവിഡ് 19 : കനത്ത ജാഗ്രതയില്‍ ശ്രീചിത്ര ആശുപത്രി, 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കോവിഡ് 19നെ നേരിടാന്‍ കനത്ത ജാഗ്രതയില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മുപ്പത് ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളില്‍ ആണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു.സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പ്രധാന വകുപ്പുകളിലെ തലവന്‍മാരടക്കം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട് .ഇതെല്ലാം മറികടക്കുന്നതിന് ഉള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗത്തില്‍ ചര്‍ച്ച വിഷയമാകും.

മാര്‍ച്ച്‌ ഒന്നിന് സ്പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്പെയിന്‍ ഇല്ലാത്തതിനാല്‍ വിദേശത്തു നിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പത്ത് പതിനൊന്ന് തീയതികളില്‍ മാസ്ക് ധരിച്ച്‌ ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചതിനാല്‍ സാഹചര്യം വലിയ ഗൗരവമുള്ളത് തന്നെയെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. വിശദമായ സമ്ബര്‍ക്ക പട്ടിക തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version